“മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്‌നേഹിക്കുന്നു; എന്നിട്ട്  നാഴികയ്‌ക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശവാദവും”

Published by
Janam Web Desk

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാനായി നടത്തിയ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്‌ക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. എംഎൽഎക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു എന്ന വാചകത്തോടെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

” ബാരിക്കേഡിന് പകരം റിബൺ..ഒരു എംഎൽഎയ്‌ക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണ്…നാഴികയ്‌ക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ..ഗിന്നസ് ബുക്കിലേക്ക് ഇതുകൂടെ നിങ്ങൾ എഴുതി ചേർക്കണം.

‘യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിപൊക്കിയ ഒരു വേദിയിൽ നിന്ന് ഒരു ജനപ്രതിനിധി വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടും അവിടെ കുടിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി’..എന്ന് …ചരിത്രത്തിൽ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്…മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്‌നേഹിക്കുന്നു”, ഹരിഷ് പേരടി പറഞ്ഞു.

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 പേർ അണിനിരക്കുന്ന ഭരതനാട്യ പരിപാടിക്കിടെയാണ് അപകടം. ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട വയനാട്ടിലെ മൃദംഗ വിഷൻ മാഗസിനായിരുന്നു പരിപാടി സം​ഘടിപ്പിച്ചത്. അതേസമയം ​അതീവ ​ഗുരുതരമായി പരിക്കേറ്റ എംഎൽഎ ഇപ്പോഴും അബോധാവസ്ഥയിലാണ്.

Share
Leave a Comment