ഇരിഞ്ഞാലക്കുട: ആദ്യകാല സ്വയം സേവകൻ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ മാസ്റ്റർ (96) അന്തരിച്ചു.ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിലായിരുന്നു അന്ത്യം. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സ്വാതന്ത്ര്യ സമരസേനാനി അയ്യപ്പൻ പിള്ളയുടെ സഹോദരൻ കൂടിയാണ് രാധാകൃഷ്ണൻ മാസ്റ്റർ. തിരുവനതപുരത്ത് വലിയശാല മുണ്ടനാട്ട് ഭവനത്തിലായിരുന്നു ജനനം.
ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ ഇരിങ്ങാലക്കുടയിലെരണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് തച്ചുടയ കൈമൾ ബാംഗ്ലാവ് പറമ്പിലും സംഘശാഖ തുടങ്ങാൻ മുൻകൈ എടുത്തതും ഇക്കാര്യം അമ്മാവൻ കൂടിയായ കൂടൽമാണിക്യം ക്ഷേത്രം ഭരണാധികാരി തച്ചുടയ കൈമളെക്കൊണ്ട് അംഗീകരിപ്പിച്ചെടുത്തതും രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു.
ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിനായി സ്ഥലം അനുവദിപ്പിച്ചത് രാധാകൃഷ്ണൻ മാസ്റ്ററുടെ പ്രവർത്തന ഫലമായിട്ടാണ്. ഉണ്ണായിവാര്യരുടെ ജന്മസ്ഥലമായ ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തൊട്ടു തെക്കേ ഭാഗത്ത് തെക്കേക്കുളത്തിന്റെയും ക്ഷേത്ര മതിൽക്കെട്ടിന്റെയും ഇടക്ക് ആയിരുന്നു ഉണ്ണായി വാര്യരുടെ പുരത്തറ നിന്നിരുന്നത്. അവിടെ ഒരു സർപ്പക്കാവും ഉണ്ടായിരുന്നു. കാലാന്തരത്തിൽ ജനങ്ങൾ ആ സ്ഥലം പ്രാഥമിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. ഇരിങ്ങാലക്കുട ക്ഷേത്രത്തിന്റെ ഭരണം സർക്കാർ പിടിച്ചെടുത്ത സമയത്ത്, ഉണ്ണായി വാര്യരുടെ പുരത്തറ നിന്നിരുന്ന സ്ഥലത്ത് ഇരിങ്ങാലക്കുട നഗരസഭാ കംഫർട്ട് സ്റ്റേഷൻ പണിയാൻ തീരുമാനിച്ചു. ദേവസ്വത്തോട് ആലോചിക്കാതെ ആ സ്ഥലം പിടിച്ചെടുത്തു കംഫർട്ട് സ്റ്റേഷൻ പണിയാനായിരുന്നു തീരുമാനം. ഇതറിഞ്ഞ രാധാകൃഷ്ണൻ മാസ്റ്റർ അദ്ദേഹത്തിന്റെ അമ്മാവനും അന്നത്തെ ക്ഷേത്രം അധികാരിയുമായിരുന്ന തച്ചുടയക്കൈമളോട് ഉണ്ണായിവാര്യരുടെ സ്ഥലമാണിതെന്നും കഥകളിയുടെ പ്രചാരണത്തിനായി ഉണ്ണായിവാര്യരുടെ സ്മാരകം പണിയാൻ ആ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചൊലുത്തി. അതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഉണ്ണായിവാര്യർ കലാനിലയം ഉണ്ടായത്.
1984ഇൽ ആർ എസ് എസ് മൂന്നാമത്തെ സർസംഘചാലക് പൂജനീയ ബാലസാഹബ് ദേവറസ്ജിയും, 4000ത്തോളം സ്വയംസേവകരും പങ്കെടുത്ത വലിയ ശിബിരത്തിന്റെ സംഘാടനത്തിനും മുൻനിരയിൽ രാധാകൃഷ്ണൻ മാസ്റ്റർ ഉണ്ടായിരുന്നു . അഖില കേരള സംസ്‌കൃതപ്രേമിസംഘത്തിന്റെ ഇരിഞ്ഞാലക്കുട പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വെട്ടിയാട്ടിൽ താമസിക്കാൻ വന്ന സംഘ പ്രചാരകൻ പി. മാധവ്ജിയും രാധാകൃഷ്ണൻ മാസ്റ്ററും കൂടിയാണ് ചട്ടമ്പിസ്വാമികൾ രചിച്ച ക്രിസ്തുമതഛേദനം എന്ന പുസ്തകത്തിന്റെ അവശേഷിച്ചിരുന്ന ഏകപ്രതി കണ്ടെത്തിയത്. 2015ഇൽ തപസ്യയുടെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സംസ്ക്കാരിക സമ്മേളനത്തിൽ രാധാകൃഷ്ണൻ മാസ്റ്ററെ ആദരിക്കുകയുണ്ടായി.
പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയാണ് ഭാര്യ. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ:മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി. സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്‌ച്ച രാവിലെ ഒമ്പതരക്ക് മുക്തിസ്‌ഥാനത്തിൽ നടന്നു.















