രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ജനുവരി 10ന് സിനിമ, തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഗെയിം ചെയ്ഞ്ചറിന്റെ വരവ് ആഘോഷമാക്കുകയാണ് ഇപ്പോൾ ആരാധകരും.
256 അടി ഉയരമുള്ള രാം ചരണിന്റെ കട്ടൗട്ട് നിർമിച്ചാണ് ആരാധകർ സിനിമയെ വരവേൽക്കുന്നത്. താരത്തിന്റെ 295 ആരാധകർ ചേർന്ന് നിർമിച്ച കട്ടൗട്ടിന് കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ബൃന്ദാവൻ കോളനിയിലെ വജ്ര മൈതാനത്താണ് കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.
സിനിമയുടെ നിർമാതാവായ ദിൽ രാജു പ്രമോഷൻ പരിപാടികൾക്കിടെ കട്ടൗട്ടിന്റെ അനാച്ഛാദനം നിർവ്വഹിച്ചു. നൂറുക്കണക്കിന് ആരാധകർ മൈതാനത്ത് തടിച്ചു കൂടിയിരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പവൃഷ്ടിയും നടത്തി.
ഒരു ചലച്ചിത്ര താരത്തിന് വേണ്ടി തയ്യാറാക്കുന്ന ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്നാണ് രാം ചരൺ ആരാധകർ പറയുന്നത്. സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണെന്നും തെലുങ്ക് സിനിമാ ലോകത്തെ ഗെയിം ചെയ്ഞ്ചറാണ് രാം ചരണെന്നും ആരാധകർ പറയുന്നു. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.