ന്യൂഡൽഹി: സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ വിതുൽ കുമാർ ചുമതലയേൽക്കും. നിലവിലെ ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗ് ചൊവ്വാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് വിതുൽ കുമാറിന് പുതിയ ചുമതല നൽകികൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയനുസരിച്ച് സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ അദ്ദേഹം ഈ സ്ഥാനം വഹിക്കും. ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിതുൽ കുമാർ നിലവിൽ സിആർപിഎഫിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുകയാണ്.
1968 ഓഗസ്റ്റ് 3 ന് പഞ്ചാബിലെ ഭട്ടിൻഡയിൽ ജനിച്ച വിതുൽ കുമാർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പൊലീസ് സേനയിൽ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. 2009 ഫെബ്രുവരി 9-ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായി ചുമതലയേറ്റു. 2012 ൽ ഇൻസ്‌പെക്ടർ ജനറലായും 2018 ൽ അഡിഷണൽ ഡയറക്ടർ ജനറലായും സ്ഥാനക്കയറ്റം ലഭിച്ചു. 2024 സെപ്റ്റംബറിലാണ് സിആർപിഎഫിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറലായി ചുമതലയേൽക്കുന്നത്.
പൊലീസ് സേനയിലെ സേവനങ്ങൾക്ക് 2021ൽ രാഷ്‌ട്രപതിയുടെ പൊലീസ് മെഡലും 2009 ലെ സ്വാതന്ത്ര്യ ദിനത്തിൽ പൊലീസ് മെഡലും ഡയറക്ടർ ജനറലിന്റെ കമൻഡേഷൻ ഡിസ്‌കും ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.