പോർട്ട്ബ്ലേയർ: ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീരദേശജനതയ്ക്ക് സുനാമി എന്നാൽ ഇന്നും നെഞ്ച് പിടയുന്ന നടുക്കമാണ്. വിവിധ രാജ്യങ്ങളിൽ രണ്ടര ലക്ഷത്തോളം ജനങ്ങളുടെ ജീവൻ കവർന്ന് സംഹാരതാണ്ഡവമാടിയ സുനാമി. 20 വർഷങ്ങൾക്ക് മുൻപുണ്ടായ നടുക്കുന്ന ദുരന്തത്തിന്റെ ഓർമ്മയിലായിരുന്നു കഴിഞ്ഞ ദിവസം ലോകജനത.
എന്നാൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും ദുരന്തബാധിതരായ ജനങ്ങളെ രക്ഷപെടുത്തുന്നതിനിടെ ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ ജനിച്ചുവീണ ഒരു കുഞ്ഞുണ്ട്. വിജയത്തിന്റെ അടയാളമായി ഗ്ലോറി എന്ന് പേരിട്ട് വിളിച്ചവൾ. 2004 ഡിസംബർ 26 നായിരുന്നു അപ്രതീക്ഷിതമായി ദ്വീപിലേക്ക് വെള്ളം ഇരച്ചെത്തിയത്. ദ്വീപുകളിൽ കുടുങ്ങി കിടന്നവരെ രക്ഷിക്കാൻ നാവികസേനയുടെ ഐഎൻഎസ് ഗഡിവൽ എന്ന കപ്പലെത്തി. സംഭവിച്ച ദുരന്തത്തിന്റെ തീവ്രത മനസിലാക്കും മുൻപ് കിട്ടിയ രക്ഷാമാർഗത്തിൽ സുരക്ഷിത കേന്ദ്രത്തിലെത്താനായിരുന്നു ദ്വീപ് വാസികളുടെ ശ്രമം. അങ്ങനെ അവർ ആ കപ്പലിൽ കയറി. ആ കൂട്ടത്തിൽ ഗർഭിണിയായ യുവതിയുമുണ്ടായിരുന്നു.
2004 ഡിസംബർ 29 ന് ഇവരെയും കൊണ്ട് ഐഎൻഎസ് ഗഡിവൽ കരയിലേക്കുള്ള യാത്രയിലായിരുന്നു. എന്നാൽ പൊടുന്നനെ യുവതിക്ക് പ്രസവേദന അനുഭവപ്പെട്ടു. കപ്പലിൽ മറ്റ് മെഡിക്കൽ സൗകര്യങ്ങളില്ലായിരുന്നു. എന്നാൽ കപ്പൽ ജീവനക്കാരുടെ സഹായത്തോടെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. നിരവധി ആളുകളുടെ ജീവനെടുത്ത ദുരന്തത്തിനിടെ പ്രതീക്ഷയുടെ പ്രതീകമായി അവളെ അവർ കണ്ടു. അവളുടെ ആദ്യ കരച്ചിൽ മൂടിക്കെട്ടിയ ആശങ്കകളെ വകഞ്ഞുമാറ്റി കപ്പലിന്റെ ഡെക്കിൽ പ്രതിധ്വനിച്ചു.
20 വർഷങ്ങൾ പിന്നിടുമ്പോൾ അതിജീവനത്തിന്റെ ആൾരൂപമായി അവൾ വളർന്നു. ഇരുൾ നിറഞ്ഞ സമയത്തും ഒരു തീനാളം വെളിച്ചം പകരും. അത്തരത്തിൽ പ്രതീക്ഷകൾ നശിച്ച മനുഷ്യരിൽ വെളിച്ചം പകരാനാണ് അവൾ ജനിച്ചതെന്ന് അമ്മ നിരന്തരം പറഞ്ഞിരുന്നു. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ പ്രതീക്ഷയാണ് മുന്നോട്ടുനയിക്കുന്നതെന്ന് ഗ്ലോറി പറയുന്നു.
സമുദ്രത്തിന്റെ സമ്മാനമായാണ് ഗ്ലോറിയെ കപ്പലിലുള്ളവർ കണക്കാക്കിയതെന്ന് അമ്മ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട സമയത്ത് ജീവിക്കാൻ പ്രതീക്ഷ നൽകിയത് ഗ്ലോറിയാണെന്നും അവർ കൂട്ടിച്ചേർത്തു. ശ്രീവിജയപുരത്തെ ജെഎൻആർഎം കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ഗ്ലോറി. 2004 ലെ ദുരന്തം വേട്ടയാടുന്നുണ്ടെങ്കിലും നാവിക സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്ലോറി അഭിമാനത്തോടെ പറയുന്നു.