ന്യൂഡൽഹി: നാവികസേനയുടെ അന്തർവാഹിനികളിൽ പുത്തൻ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് നവീകരിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി പ്രതിരോധ മന്ത്രാലയം 2,867 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളിൽ ഒപ്പുവച്ചു. അന്തർവാഹിനികളുടെ വെള്ളത്തിനടിയിൽ കഴിയാനുള്ള ദൈർഘ്യം വർദ്ധിപ്പിക്കുക, വെള്ളത്തിനടിയിലെ ആക്രമങ്ങൾക്ക് സഹായിക്കുന്ന ആയുധങ്ങൾ സംയോജിപ്പിക്കുക തുടങ്ങിയ പദ്ധതികൾക്കായാണ് കരാർ ഒപ്പുവച്ചത്.
1,990 കോടിയുടേതാണ് ആദ്യത്തെ കരാർ. എയർ ഇൻഡിപെൻഡൻ്റ് പ്രൊപ്പൽഷൻ (എഐപി) പ്ലഗിന്റെ നിർമാണത്തിനായി മുംബൈ ആസ്ഥാനമായുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായാണ് ഡിആർഡിഒ കരാർ ഒപ്പുവച്ചത്.അന്തരീക്ഷ ഓക്സിൻ ഉപയോഗിക്കാതെ സ്വയം ഊർജം ഉത്പാദിപ്പിച്ച് കൂടുതൽ നേരം വെള്ളത്തിനായിൽ കഴിയാൻ എഐപി പ്ലഗ് സംവിധാനം അന്തർവാഹിനികളെ സഹായിക്കും.
ഫ്രാൻസിന്റെ നാവിക സംഘവുമായാണ് 877 കോടിയുടെ രണ്ടാമത്തെ കരാർ. നാവികസേനയുടെ കൽവാരി-ക്ലാസ് അന്തർവാഹിനികളിൽ ഇലക്ട്രോണിക് ഹെവി വെയ്റ്റ് ടോർപ്പിഡോ (EHWT) സംയോജിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമുദ്രത്തിന്റെ അടിത്തട്ടിൽ സ്വയം പ്രവർത്തിക്കുന്ന ഉയർന്നശേഷിയുള്ള ഈ ആയുധം മറ്റ് അന്തർവാഹിനികളുടെയും കപ്പലുകളുടെയും ആക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
എഐപി സാങ്കേതികവിദ്യ മുംബൈ ആസ്ഥാനമായുള്ള പങ്കാളികളുമായി സഹകരിച്ച് DRDO തദ്ദേശീയമായി വികസിപ്പിക്കും. ആത്മ നിർഭർ ഭാരതിന് കീഴിലുള്ള പദ്ധതി മൂന്ന് ലക്ഷത്തിലധികം യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് ഇരു കരാറുകളും ഒപ്പുവച്ചത്.