സന: യെമൻ പൗരന്റെ കൊലപാതകക്കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി. ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. നിലവിൽ യമന്റെ തലസ്ഥാനമായ സനയിലെ ജയിലാണ് നിമിഷ പ്രിയ കഴിയുന്നത്. മാപ്പപേക്ഷയ്‌ക്കുള്ള ചർച്ചകൾ എങ്ങുമെത്താതെ വന്നതോടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും നടത്തിയ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ദയാധനം നൽകിയുള്ള ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. മകളുടെ മോചനത്തിനായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി കഴിഞ്ഞ അഞ്ച് മാസമായി യെമനിൽ താമസിച്ച് പരിശ്രമിക്കുകയാണ്. ഡൽഹി ഹൈക്കോടതിയിൽ നിന്നും അനുമതി ലഭിച്ചതോടെയാണ് ഇവർ മകളുടെ മോചനത്തിനായി യെമനിലെത്തിയത്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ പെൺസുഹൃത്ത് ഹനാനോടൊപ്പം ചേർന്ന് മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഓഗസ്റ്റിൽ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്‌ക്ക് വിധിച്ചത്. തലാൽ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും സ്വയരക്ഷയ്‌ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും നിമിഷ പ്രിയ കോടതിയെ അറിയിച്ചുവെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതിനെത്തുടർന്നാണ് പ്രസിഡന്റിന് ദയാഹർജി നൽകിയത്. ഇതും തള്ളിയതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.