തിരുവനന്തപുരം : സംസ്ഥാനത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തെത്തും.
ഹൈദരാബാദ് – തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. ആർലെകറുടെ കുടുംബം ഇന്ന് രാത്രി എട്ടിന് രാജ്ഭവനിലെത്തും.
ജനുവരി രണ്ടിന് രാവിലെ 10 . 30 നാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിങ്ങിനെ 400 പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ 23-ാമത് ഗവർണറായിരിക്കും ആർലേകർ.

ഗോവ മുൻമന്ത്രിയും നിയമസഭാ മുൻ സ്പീക്കറുമാണ് ആർലേകർ. ബിജെപി രൂപം കൊണ്ട 1980 കള്‍ മുതല്‍ പാര്‍ട്ടിയുടെ ഭാഗഭാക്കായ ആർലേകര്‍ ഗോവയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ചെറുപ്പം മുതലേ രാഷ്‌ട്രീയ സ്വയം സേവക സംഘവുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാൻ, , ഗോവ സംസ്ഥാന പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ, ഭാരതീയ ജനതാ പാർട്ടി ദക്ഷിണ ഗോവ പ്രസിഡൻ്റ്, എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഗോവ ലെജിസ്ലേറ്റീവ് അസംബ്ലി കടലാസ് രഹിതമാക്കിയതിന്റെ ചുക്കാൻ പിടിച്ചത് 2014 ൽ അദ്ദേഹം ആയിരുന്നു. 2015 ൽ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കിടെ വനം-പരിസ്ഥിതി മന്ത്രിയായി നിയമിതനായി.
2021 ജൂലൈ 6-ന്, ബന്ദാരു ദത്താത്രേയയെ ഹരിയാന ഗവർണറായി നിയമിച്ചപ്പോൾ ആർലേകർ ഹിമാചൽ പ്രദേശ് ഗവർണറായി. 2021-2023 കാലയളവിൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ആർലേകറായിരുന്നു ഗവർണർ.രാജ്ഭവന് പുറത്തേക്കിറങ്ങി സ്കൂളുകളും കോളേജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദർശിച്ച ഗവർണറായിരുന്നു ആർലേകർ. ഒരു വർഷത്തിനുശേഷം അദ്ദേഹം ബിഹാർ ഗവർണറായി.















