എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ നടി ദിവ്യ ഉണ്ണിയുടെയും നടൻ സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും. പരിപാടിയുടെ വിവരങ്ങൾ ഇവരിൽ നിന്ന് തേടും. സുരക്ഷാ നടപടികൾ സംബന്ധിച്ച വിവരങ്ങളും താരങ്ങളോട് പൊലീസ് ചോദിക്കും.
താരങ്ങൾക്ക് പുറമെ കൂടുതൽ ആളുകളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു 12,000 നർത്തകർ അണിനിരന്ന നൃത്തപരിപാടി കലൂർ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഇതിനാലാണ് ദിവ്യ ഉണ്ണിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നത്. ഗിന്നസ് റെക്കോർഡിനായുള്ള പരിപാടിയായിരുന്നു കലൂർ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.
നൃത്തപരിപാടിയുടെ സംഘാടനത്തിന്റെ ചുമതല സിജോയ് വർഗീസിനായിരുന്നു. സിജോയ്‌ക്ക് പുറമെ സംഘാടനത്തിന്റെ ഭാഗമായ മറ്റ് വ്യക്തികളുടെയും മൊഴിയെടുക്കും. സംഭവത്തിൽ നേരത്തെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ 15 അടി ഉയരമുള്ള സ്‌റ്റേജിൽ നിന്നും ഉമ തോമസ് വീണത്. കോൺക്രീറ്റ് പാളിയിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ദാരുണമായ സംഭവം നടന്നത്. എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും വെന്റിലേറ്ററിൽ തുടരുകയാണ്.