കൊച്ചി: മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടതിൽ കടുത്ത അതൃപ്തി അറിയിച്ച് കല്യാൺ സിൽക്സ്. തങ്ങളുടെ ഉത്പന്നങ്ങൾ ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് കല്യാൺ സിൽക്‌സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും കല്യാൺ സിൽക്സ് നിർമിച്ച് നൽകിയ സാരിക്ക് ഈടാക്കിയത് 390 രൂപ മാത്രമാണെന്നും ടെക്സ്റ്റൈൽസ് കമ്പനി വ്യക്തമാക്കി.

ഹോൾസെയിൽ&റീട്ടെയിൽ വസ്ത്രവ്യാപാരത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ് കല്യാൺ സിൽക്സ്. മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കല്യാണിന്റെ പേരുകൂടി ഉൾപ്പെട്ടതോടെയാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ വിശദീകരണം നൽകാൻ അവർ നിർബന്ധിതരായത്. 12,500 സാരികൾ നിർമിച്ചുനൽകാൻ ആവശ്യപ്പെട്ട് കല്യാൺ സിൽക്സിനെ സമീപിക്കുകയായിരുന്നു മൃദംഗനാദം സംഘാടകർ. പരിപാടിയിൽ ദിവ്യ ഉണ്ണി അടക്കം മുഴുവൻ നർത്തകരും ധരിക്കുന്നതിന് വേണ്ടി എക്സ്ക്ലൂസീവായ ഡിസൈൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാരി ഒന്നിന് 390 രൂപ എന്ന കണക്കിലാണ് ഓർഡർ നൽകിയത്. എന്നാൽ 1,600 രൂപയാണ് നർത്തകരിൽ നിന്ന് സംഘാടകർ ഈടാക്കിയതെന്ന് പരിപാടിക്ക് ശേഷമാണ് അറിയുന്നതെന്നും കല്യാൺ സിൽക്സ് അറിയിച്ചു.
ന്യായവിലയും സുതാര്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും അനാവശ്യമായ ചൂഷണങ്ങൾക്ക് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തിയുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. മൃദംഗനാദം സംഘാടകരുമായി വാണിജ്യ ഇടപാട് മാത്രമാണുള്ളത്, വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പരിപാടിയുടെ പേരിൽ 3,600 രൂപ മുതൽ 6,000 രൂപ വരെയാണ് ഓരോ നർത്തകരിൽ നിന്ന് സംഘാടകർ ഈടാക്കിയത്. കല്യാൺ സിൽക്സിന്റെ വിലകൂടിയ പട്ടുസാരിയാണ് ഉപയോഗിക്കുന്നതെന്ന ന്യായീകരണം സംഘാടകർ എടുത്തുകാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് വിശദീകരണം നൽകിയത്.
കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ടത് ഉമാ തോമസിനുണ്ടായ അപകടമായിരുന്നു. സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിപ്പൊക്കിയ സ്റ്റേജിൽ കൈവരി ഇല്ലാതിരുന്നതിനെ തുടർന്ന് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു എംഎൽഎ ഉമാ തോമസ്. നിലവിൽ ഗുരുതരാവസ്ഥയിലാണ് അവർ. അപകടവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ മൃദംഗനാദം സംഘാടകരുടെ മുൻകൂർ ജാമ്യഹർജികളിൽ സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്.















