ന്യൂയോർക്ക്: എക്‌സിലെ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി ടെക് ഭീമൻ ഇലോൺ മസ്‌ക്. ‘കെക്കിയസ് മാക്‌സിമസ്’ എന്നാണ് മസ്കിന്റെ എക്‌സിലെ പേജിന് നൽകിയിരിക്കുന്ന പുതിയ പേര്. ജനപ്രിയ കോമിക് കാർട്ടൂൺ കാരക്ടർ മീമായ ‘പെപ് ദി ഫ്രോഗി’ന്റെ ചിത്രമാണ് പുതിയ പ്രൊഫൈൽ പിക്. ഒരു യോദ്ധാവിന്റെ വേഷമണിഞ്ഞ് കയ്യിൽ വീഡിയോ ഗെയിം ജോയ്‌സ്‌റ്റിക്ക് പിടിച്ചിരിക്കുന്ന പെപ്പാണ് പ്രൊഫൈൽ ചിത്രത്തിലുള്ളത്.
എക്‌സിൽ പലപ്പോഴും വിചിത്രമായ തമാശകളും പോസ്റ്റുകളും പങ്കുവെക്കുന്നതിൽ പേരുകേട്ട മസ്കിന്റെ പുതിയ മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ അദ്ദേഹം അടുത്തിടെ പോസ്റ്റ് ചെയ്ത കെക്കിയസ് മാക്സിമസ് എന്ന മീം കോയിൻ ക്രിപ്റ്റോകറൻസി വിപണിയിലെ നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. മസ്‌ക് തന്റെ എക്‌സിലെ പേരും മാറ്റിയതോടെ വിപണിയിൽ ഈ മീം കോയിന്റെ മൂല്യം മണിക്കൂറുകൾക്കുള്ളിൽ 500 % ഉയർന്നുവെന്നാണ് കോയിൻഗെക്കോ ഡാറ്റയുടെ കണക്കാക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്റർനെറ്റ് മീമുകളിൽ നിന്നോ ട്രെൻഡുകളിൽ നിന്നോ പ്രചോദനം ഉൾകൊണ്ടുള്ള ക്രിപ്റ്റോകറൻസികളാണ് മീം കോയിൻസ്. മസ്ക് പലപ്പോഴും ക്രിപ്‌റ്റോകറൻസിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ഭരണത്തിന് കീഴിലുള്ള ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി’ (DOGE) യെ ഇലോൺ മസ്‌ക് നയിക്കുമെന്ന് അടുത്തിടെ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘ഡോജ്’ എന്ന ചുരുക്കപ്പേര് ഡിപ്പാർട്ട്‌മെന്റിന് നിർദേശിച്ചതും മസ്‌കാണ്. ഡോജ്കോയിൻ എന്ന ക്രിപ്‌റ്റോകറൻസിയുടെ പേരും അദ്ദേഹം മുൻപ് ഉപയോഗിച്ചിട്ടുണ്ട്.