ലിമ: 90 ദിവസത്തെ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എണ്ണക്കമ്പനിയിൽ നിന്ന് ചോർച്ചയുണ്ടായ (oil spill) സാഹചര്യത്തിലാണ് നടപടി. രാജ്യത്തിന്റെ വടക്കൻ തീരപ്രദേശത്താണ് അടിയന്തരാവസ്ഥ (Environmental Emergency) പ്രഖ്യാപിച്ചിരിക്കുന്നത്.
പെറുവിന്റെ എണ്ണക്കമ്പനിയായ പെട്രോപെറുവിൽ (Petroperu) കഴിഞ്ഞയാഴ്ചയാണ് എണ്ണച്ചോർച്ചയുണ്ടായത്. പസഫിക് സമുദ്രത്തിലേക്ക് ക്രൂഡ് ഓയിൽ ഒഴുകുകയായിരുന്നു. വടക്കൻ പെറുവിലെ തലാര റിഫൈനറിയിലെ ടെർമിനലിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. കയറ്റുമതിക്ക് മുൻപുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കപ്പലിലുണ്ടായ തകരാറാണ് ചോർച്ചയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എത്രമാത്രം എണ്ണ കടലിലേക്ക് എത്തിയിട്ടുണ്ടെന്ന് പെട്രോപെറു വ്യക്തമാക്കിയിട്ടില്ല. എന്നാൽ സമുദ്രോപരിതലത്തിന്റെ 10,000 ചതുരശ്ര മീറ്ററോളം എണ്ണച്ചോർച്ച ബാധിച്ചുവെന്ന് രാജ്യത്തെ പാരിസ്ഥിതിക സംഘടനയായ OEFA സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ വടക്കൻ പെറുവിലെ ഏഴ് ബീച്ചുകളെ ചോർച്ച ബാധിച്ചതായി പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു. ഈ സാഹചര്യത്തിലാണ് 90 ദിവസത്തെ പാരിസ്ഥിതിക അടിയന്തരാവസ്ഥ സർക്കാർ പ്രഖ്യാപിച്ചത്. പ്രദേശത്തെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിനായി പരിഹാര പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പെറുവിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
തീരദേശ സസ്യങ്ങളെയും ജീവിവർഗങ്ങളെയും ചോർച്ച ബാധിച്ചുവെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ജോലി തുടരാൻ സാധിക്കാത്ത അവസ്ഥയുണ്ട്. എന്നാൽ ചോർച്ച ആരംഭിച്ചതുമുതൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ബ്രിഗേഡുകളെ വിന്യസിച്ചിരുന്നതായി പെട്രോപെറു അറിയിച്ചു. മത്സ്യത്തൊഴിലാളി യൂണിയനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഇത് പ്രാദേശിക വിനോദസഞ്ചാര സാധാരണഗതിയിൽ തുടരാൻ സഹായിച്ചുവെന്നും പെട്രോപെറു അവകാശപ്പെടുന്നു.















