സന്നിധാനം: കാനനപാത വഴി സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് താത്കാലികമായി നിർത്തലാക്കി. കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 5,000 പേർക്കായിരുന്നു കാനനപാത വഴി വരാൻ അനുമതി. തിങ്കളാഴ്ച മാത്രം കാനനപാത വഴി സന്നിധാനത്തേക്ക് എത്തിയത് 22,000 അയ്യപ്പഭക്തരായിരുന്നു.
അയ്യനെ കാണാൻ കല്ലും മുള്ളും താണ്ടി വരുന്നവർക്ക് പ്രത്യേക പാസ് നൽകാനുള്ള തീരുമാനം ഡിസംബർ 17 മുതലായിരുന്നു പ്രാബല്യത്തിൽ വന്നത്. ഏറെ നാളായുള്ള ആവശ്യമായിരുന്നു ഇതോടെ നടപ്പിലായത്. കാനനപാത വഴി വരുന്നവർക്ക് സിന്നിധാനത്ത് ക്യൂ നിൽക്കാതെ പ്രത്യേക വരിയിലൂടെ ദർശനം ലഭിക്കുന്നതിന് പാസ് സഹായകമായിരുന്നു. എന്നാൽ ഇത്തരത്തിലെത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് നിയന്ത്രണമേർപ്പെടുത്തിയത്.