കന്യാകുമാരി: തമിഴ് തത്ത്വചിന്തകനും കവിയുമായിരുന്ന തിരുവള്ളുവറിനുള്ള സ്മരണാഞ്ജലിയായി ത്രിവേണി സംഗമത്തിൽ മണൽ കൊണ്ട് ശിൽപം നിർമ്മിച്ച് സുദർശൻ പട്‌നായിക് . ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ നിന്നുള്ള മണലുപയോഗിച്ചാണ് ത്രിവേണി സംഗമത്തിൽ സുദർശൻ പട്‌നായിക് ഈ മണൽകലാ ശിൽപം നിർമ്മിച്ചത്.

കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ത്രിദിന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മണൽ ശിൽപം സന്ദർശിച്ചു.

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറക്ക് സമീപത്തെ തിരുവള്ളുവർ പ്രതിമ പ്രശസ്ത ശിൽപി വി ഗണപതി സ്ഥപതി നിർമ്മിച്ച് 2000 ജനുവരി 1 ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

തിരുവള്ളുവർ രചിച്ച തിരുക്കുറൾ,ധാർമ്മികത, രാഷ്‌ട്രീയം, സാമ്പത്തികശാസ്ത്രം, പ്രണയം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ഈരടികൾ അടങ്ങുന്ന തമിഴ് സാഹിത്യത്തിലെ കാലാതീതമായ മാസ്റ്റർപീസ് ആണ്.















