പട്ടിക്കാട്: മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ജാമിഅ നൂരിയ്യ അറബിയ്യ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി. രമേശ് ചെന്നിത്തലയാണ് പരിപാടിയിലാണ് ഉദ്ഘാടകനായി സമസ്തയുടെ വേദിയിലെത്തുക. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെഷനിലാണ് രമേശ് ചെന്നിത്തല എത്തുന്നത്.
എം.കെ മുനീർ എംഎൽഎ അദ്ധ്യക്ഷനാകുന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്. ‘ഫാഷിസം അജ്മീറിലെത്തുമ്പോൾ’ എന്നതാണ് ഗരീബ് നവാസ് എന്ന് പേരിട്ട സെഷനിലെ പ്രഭാഷണ വിഷയം. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് ചെന്നിത്തലയ്‌ക്ക് സമസ്ത വേദിയിൽ ഇടംകിട്ടിയതെന്നാണ് വിവരം.
സമ്മേളനത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധരെ ഒഴിവാക്കിയത് ചർച്ചയാകുന്നതിനൊപ്പമാണ് ചെന്നിത്തലയുടെ സാന്നിധ്യവും വാർത്തയാകുന്നത്. നേരത്തെ എൻഎസ്എസ് മന്നം ജയന്തി ആഘോഷത്തിൽ ചെന്നിത്തലയെ ക്ഷണിച്ചത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ സമസ്ത വേദിയിലെത്തിക്കുന്നതെന്നത്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ നടത്തിയ അഭിപ്രായ പ്രകടനമാണ് അദ്ദേഹത്തെ അകറ്റി നിർത്താനുള്ള കാരണമെന്നാണ് വിലയിരുത്തൽ. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന് ആയിരുന്നു വി.ഡി സതീശന്റെ അഭിപ്രായം. എന്നാൽ ഇത് വഖ്ഫ് ഭൂമിയാണെന്ന നിലപാടാണ് ലീഗിനുള്ളത്. വി.ഡി സതീശന്റെ അഭിപ്രായത്തോട് ലീഗ് പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജാമിഅ സമ്മേളനത്തിൽ വിഡി സതീശൻ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവായ ശേഷം വി.ഡി സതീശനായിരുന്നു ലീഗ് സമസ്ത സമ്മേളനങ്ങളിലെ സ്ഥിരം കോൺഗ്രസ് പ്രതിനിധി. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡന്റ്. ജനുവരി ഒന്ന് മുതൽ അഞ്ച് വരെയാണ് പട്ടിക്കാട് പിഎംഎസ്എ പൂക്കോയ തങ്ങൾ നഗറിൽ ജാമിഅ നൂരിയ്യ അറബിയ്യ സമ്മേളനം നടക്കുക.