ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ പ്രധാനിയായ പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഉടൻ ഇന്ത്യയിൽ എത്തിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം തഹാവുർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വിധിച്ചു. റാണ കുറ്റം ചെയ്തെന്ന മജിസ്‌ട്രേറ്റ് ജഡ്ജിയുടെ കണ്ടെത്തലിനെ പിന്തുണയ്‌ക്കാൻ മതിയായ തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നും വിധിയിൽ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെയും മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചിന്റെയും വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജുലൈയിൽ യുഎസ് കോടതി 1.5 മില്യൺ യുഎസ് ഡോളറിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തഹാവൂർ റാണയ്‌ക്ക് മേൽ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളിൽ വരുന്നതാണെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
2009-ൽ മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ച ഡാനിഷ് ദിനപത്രമായ ‘ജിലാൻഡ്‌സ്-പോസ്റ്റിൽ’ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ടാണ് റാണയെ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് മുംബൈ ഭീകരാക്രണത്തിന്റെ ഗൂഢാലോചന, ലഷ്‌കറിന് പിന്തുണ നൽകൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തപ്പെട്ടു. പിന്നീട് മുംബൈ ഭീകരാക്രമണത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മറ്റ് രണ്ടെണ്ണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 14 വർഷം തടവിന് ശിക്ഷിച്ചു. എന്നാൽ കൊവിഡ് കാലത്ത് റാണയെ യുഎസ് മോചിപ്പിച്ചു. പിന്നാലെയാണ് വിചാരണ നേരിടാൻ കൈമാറണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചത്.
പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമൊത്ത് ഭീകര സംഘടനകളായ ലഷ്‌കർ-ഇ-ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്‌ക്കായി മുംബൈ ഭീകരാക്രമണത്തിന് ആസുത്രണം ചെയതത് തഹവൂർ റാണയാണ്. റാണയ്‌ക്കെതിരെ 400 ലധികം പേജുകളുള്ള കുറ്റപത്രം മുംബൈ കോടതിയിൽ സമർപ്പിട്ടുണ്ട്.
രാജ്യത്തെ നടക്കിയ ഭീകരാക്രമണ കേസിലെ പ്രധാന പങ്കാളിയായ താഹവൂർ റാണ് പാക് ആർമിയിൽ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാൾ കാനഡയിലേക്ക് താമസം മാറുകയും കനേഡിയൻ പൗരത്വം നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന കൺസൾട്ടൻസി സ്ഥാപനം തുടങ്ങി. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയ്‌ക്ക് സ്ഥലങ്ങൾ കണ്ടെത്താനും, കാര്യങ്ങൾ നിരീക്ഷിക്കാനുമായി ഹെഡ്‌ലിക്ക് സഹായം നൽകിയത് റാണയുടെ സ്ഥാപനത്തിന്റെ മുംബൈയിലെ ശാഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.















