ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോമതി നദിയുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി പുതിയ ടാസ്ക് ഫോഴ്‌സിന് രുപം നൽകി ടെറിട്ടോറിയൽ ആർമി. ഗംഗാ ടാസ്‌ക് ഫോഴ്‌സ് (GTF) ബറ്റാലിയൻ എന്ന് പേരിട്ടിരിക്കുന്ന കമ്പനി (സൈനിക സംഘം) പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിത്തിനും സജീവമായ പങ്കാളിത്തം ഉറപ്പാക്കും.
വിമുക്ത ഭടന്മാരെയാണ് ഗംഗാ ടാസ്‌ക് ഫോഴ്‌സിൽ കൂടുതലായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. മലിനീകരണം തടയൽ, നദീതീരങ്ങളിലും ഘാട്ടുകളിലും പട്രോളിംഗ്, പൊതുജന ബോധവൽക്കരണ കാമ്പെയ്‌നുകൾ, നദീതീര ശുചീകരണ പ്രവർത്തങ്ങൾ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ കമ്പനി ഏറ്റെടുക്കും. 2024 സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജലശക്തി മന്ത്രാലയത്തിന്റെ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ (NMCG) കീഴിലാണ് പുതിയ ടാസ്ക് ഫോഴ്സ് സ്ഥാപിച്ചത്.
ടാസ്‌ക് ഫോഴ്‌സിന്റെ ഔപചാരിക ഉദ്‌ഘാടന ചടങ്ങ് കഴിഞ്ഞ ദിവസം ലഖ്‌നൗ കൻ്റോൺമെൻ്റിൽ നടന്നു. ജിടിഎഫിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ അരവിന്ദ് പ്രസാദിന് ടെറിട്ടോറിയൽ ആർമി ഗ്രൂപ്പ് ആസ്ഥാനത്തെ കമാൻഡർ ബ്രിഗേഡിയർ ചിന്മയ് മധ്വാൾ പ്രതീകാത്മക പതാക കൈമാറി. ചടങ്ങിൽ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയിലെ പ്രൊഫസർ ഡോ. വെങ്കിടേഷ് ദത്ത ഉൾപ്പെടെ സൈനിക, സിവിലിയൻ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.