വാഷിങ്ടൺ : അമേരിക്കയില്‍ ന്യൂ ഓർലീൻസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത സംഭവത്തിലെ പ്രതിയായ 42 കാരനായ ഷംസുദ്ദിന്‍ ജബ്ബാര്‍ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊല്ലാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.
അമേരിക്കൻ സൈന്യത്തിലെ മുൻ ഐടി സ്പെഷലിസ്റ്റ് ആയിരുന്ന ഷംസുദ്ദീൻ ജബ്ബാറിന്റെ യൂട്യൂബ് വീഡിയോകൾ എഫ് ബി ഐ കണ്ടെത്തിയതായി ജോ ബൈഡൻ പറഞ്ഞു. ഈ വീഡിയോകളിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കൊലപ്പെടുത്തുവാനുള്ള ആഗ്രഹം അയാൾ പ്രകടിപ്പിച്ചത്.
ക്യാമ്പ് ഡേവിഡിലെ പ്രസിഡൻഷ്യൽ റിട്രീറ്റിൽ ന്യൂ ഓർലീൻസ് ഭീകരാക്രമണത്തിന്റെ ഇരകളെയും ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോ ബൈഡൻ. എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് ഇത് സംഭവിച്ചു, പൊതു സുരക്ഷയ്‌ക്ക് എന്തെങ്കിലും തുടർ ഭീഷണിയുണ്ടോ എന്ന് നിർണ്ണയിക്കാൻ എഫ്ബിഐ അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ടെന്ന് ബൈഡൻ പറഞ്ഞു.















