ധാക്ക: ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കലിൽ അടച്ച ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ചാറ്റോഗ്രാം കോടതി ഹർജി തള്ളുന്നത്. അപൂർബ കുമാർ ഭട്ടാചാര്യയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സുപ്രീം കോടതി അഭിഭാഷക സംഘം അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായിരുന്നു. അരമണിക്കൂറോളം വാദം കേട്ട ചാറ്റോഗ്രാം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി എംഡി സെയ്ഫുൾ ഇസ്ലാം ജാമ്യാപേക്ഷ നിരസിച്ചതായി അറിയിക്കുകയായിരുന്നു.
കനത്ത സുരക്ഷയിലാണ് ചിന്മയ് കൃഷ്ണ ദാസിനെ കോടതിയിൽ ഹാജരാക്കിയത്. 39ാം മത്തെ ദിവസമാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്. കഴിഞ്ഞ മാസം മൂന്നാം തീയതി അഭിഭാഷകൻ ഹാജരായില്ലെന്ന് കാരണം പറഞ്ഞായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയത് ദൗർഭാഗ്യകരമാണെന്നും എന്തുകൊണ്ടാണ് ഹർജി നിരസിച്ചതെന്ന് പരിശോധിക്കുമെന്നും ഇസ്കോൺ വൈസ് പ്രസിഡൻ്റ് രാധാരാമൻ ദാസ് പറഞ്ഞു.
ബംഗ്ലാദേശിന്റെ പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് ദേശവിരുദ്ധ കുറ്റം ചുമത്തി നവംബർ 25 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചാറ്റോഗ്രാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു അദ്ദേഹത്തെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. പിന്നാലെ അദ്ദേഹത്തെ ജയിലെത്തി കണ്ട മറ്റ് ഇസ്കോൺ സന്യാസിമാരെയും കസ്റ്റഡിയിൽ എടുത്തിരുന്നു.
അതിനിടെ ചിന്മയ് കൃഷ്ണ ദാസിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നും ശരിയായ ചികിത്സ നൽകുന്നില്ലെന്നും ബംഗാളി ഹിന്ദു സംഘടനയായ ബംഗ്ലാദേശ് ഷോമിലിറ്റോ സനാതൻ ജാഗരൺ ജോട്ടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ജയിലിൽ നിന്നും രണ്ട് തവണ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും കാര്യമായ ചികിത്സ നൽകിയില്ല. പ്രമേഹം, ആസ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ചിന്മയ് കൃഷ്ണദാസിന് ഉണ്ടായിരുന്നു. ജയിൽ നിന്നും സ്ഥിതി വഷളാകുകയായിരുന്നു.