മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ മന്ത്രി വി. അബ്ദുറഹിമാന് പിന്തുണ നൽകിയെന്ന വെളിപ്പെടുത്തലുമായി എസ്ഡിപിഐ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വി അബ്ദുറഹിമാൻ ജയിച്ചതെങ്ങനെയെന്ന് ഓർക്കുന്നത് നല്ലതാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. അബ്ദുറഹിമാൻ വന്നവഴി മറക്കരുതെന്നാണ് എസ്ഡിപിഐയുടെ പോസ്റ്ററിൽ പറയുന്നത്.
എസ്ഡിപിഐയിടെ വെളിപ്പെടുത്തൽ സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി. കഴിഞ്ഞ വയനാട് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ- യുഡിഎഫിന് അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രിയങ്കയും രാഹുലും ജയിച്ചത് മതമൗലികവാദികളുടെ വോട്ട് വാങ്ങിയാണെന്ന് സിപിഎം നേതാവ് എ. വിജയരാഘവന്റെ പ്രസ്താവനയും പുറത്ത് വന്നിരുന്നു. പ്രസ്താവനയെ പിന്തുണച്ച് മന്ത്രി അബ്ദുറഹിമാനും എത്തിയതാണ് എസ്ഡിപിഐയെ ചൊടിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് പിഡിപി അടക്കമുള്ള തീവ്ര സംഘടനകളുടെ നേതാക്കളും പല മണ്ഡലങ്ങളിലും തങ്ങളുടെ വോട്ട് വാങ്ങിയാണ് എൽഡിഎഫും യുഡിഎഫും വിജയിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.