ഭോപ്പാൽ: ഭോപ്പാൽ വാതക ദുരന്തത്തിലെ വില്ലനായ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് 377 ടൺ അപകടകരമായ മാലിന്യം സംസ്കരിക്കുന്നതിനായി മാറ്റി. അപകടത്തിന് നാൽപ്പത് വർഷങ്ങൾക്ക് ശേഷമാണ് പ്രവർത്തനരഹിതമായ ഫാക്ടറിയിൽ നിന്നും മാലിന്യങ്ങൾ നീക്കിയത്.
മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് പിതാംപൂരിലേക്ക് 12 കണ്ടെയ്നർ ട്രക്കുകളിലായി 337 മെട്രിക് ടൺ വിഷമാലിന്യം കയറ്റി അയച്ചു സംസ്കരിച്ചു.
ബുധനാഴ്ച രാത്രി മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ധാർ ജില്ലയിലെ പിതാംപൂർ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് 12 സീൽ ചെയ്ത കണ്ടെയ്നർ ട്രക്കുകളിലായാണ് വിഷമാലിന്യം കടത്തിയത്. ഞായറാഴ്ച മുതൽ 30 മിനിറ്റ് ഷിഫ്റ്റുകളിലായി 100 ഓളം പേർ മാലിന്യം പാക്ക് ചെയ്യുന്നതിനും ട്രക്കുകളിൽ കയറ്റുന്നതിനുമായി ജോലി ചെയ്തു,
1984 ഡിസംബർ 2ന് രാത്രിയിൽ മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ‘യൂണിയൻ കാർബൈഡ്’ എന്ന കീടനാശിനി ഫാക്ടറിയിൽ വാതക ചോർച്ചയുണ്ടായി. ദാരുണമായ ഈ സംഭവത്തിൽ 5,479 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുകൂടാതെ സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളും ഏതാണ്ട് അഞ്ചുലക്ഷം പേരെ ബാധിച്ചിരുന്നു
അടച്ചുപൂട്ടിയ പ്ലാൻ്റിൽ ബാക്കിയായ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഏറെ നാളായി തുടരുകയാണ്. ഇതേത്തുടർന്നാണ് ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെ ഇൻഡോറിന് സമീപം പിതാംപൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഈ മാലിന്യം സംസ്കരിക്കാൻ തീരുമാനിച്ചത്.