മുംബൈ: പ്രവാസികളുടെ പണമയക്കലിൽ ആഗോലതലത്തിൽ ഒന്നാമതായി ഭാരതം. 2024-ൽ 129.1 ബില്യൺ ഡോളറാണ് ( ഏകദേശം 12,900 കോടി) രാജ്യത്തെത്തിയത്. ലോകബാങ്ക് കണക്ക് പ്രകാരം 2024 ൽ ആഗോള പണമയക്കലിന്റെ 14.3 ശതമാനം ഇന്ത്യയിലേക്കാണ്. 2000 ന് ശേഷം ഒരു രാജ്യം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിഹിതമാണിത്. വിദേശത്ത് ജോലി ചെയ്യുന്നവർ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തെയാണ് പണമയക്കൽ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
മെക്സികോയും ചൈനയുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. യഥാക്രമം 7.5 ശതമാനം, 5.3 ശതമാനം എന്നിങ്ങനെയാണ് ഇവരുടെ വിഹിതം. അതേസമയം ചൈനയുടെ സ്ഥിതി രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2000 കാലഘട്ടത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പ്രവാസിപ്പണം ഏതാണ്ട് ഒരേ ഗ്രാഫിലായിരുന്നു. 2024-ൽ ചൈനയുടെ വിഹിതം 5.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. ചൈന നേരിയുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രായമായ ജനസംഖ്യ. ഇത് തന്നെയാണ് പ്രവാസി പണം കുറയാൻ കാരണമായതെന്നാണ് ലോകബാങ്ക് വിലയിരുത്തൽ.
2000 മുതൽ ഇന്ത്യയുടെ പണമടയ്ക്കൽ വിഹിതം സ്ഥിരമായി 10 ശതമാനത്തിന് മുകളിലാണ്. കോവിഡിന് ശേഷമാണ് കൂടുതൽ വർദ്ധനവ് പ്രകടമായത്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം മാതൃരാജ്യത്ത് സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന തോന്നലാണ് ഇതിന് കാരണമായത്. ഫിലിപ്പീൻസ്, ഫ്രാൻസ്, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഗ്വാട്ടിമാല, ജർമ്മനി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ.