തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.ദർശനത്തിന് ശേഷം ക്ഷേത്രത്തിലെ ഓണവില്ല് ഗവർണർക്ക് സമ്മാനിച്ചാണ് യാത്രയാക്കിയത്. രാവിലെയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്നാണ് ഗവർണറെയും ഭാര്യ അനഘ അർലേക്കറെയും വേദിയിലേക്ക് സ്വീകരിച്ചത്.ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, പി രാജീവ്, മുഹമ്മദ് റിയാസ്,
കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാരായ ശശി തരൂർ, എ എ റഹിം, എം എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കേരള ഗവർണറായി രാഷ്‌ട്രപതി നിയമിച്ചത്. ഗോവ നിയമസഭ മുൻ സ്പീക്കറാണ്. ബിഹാർ ഗവർണറായിരുന്നു. ഹിമാചൽ പ്രദേശ് ഗവർണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.