കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഹരത്തിൽ നിന്ന് മുക്തി നേടി ലോകം പിച്ചവെച്ച് നടക്കാൻ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ചൈനയിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് മഹാമാരി ഈ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി. അഞ്ച് വർഷത്തിന് ശേഷം വീണ്ടും മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തി മറ്റൊരു വൈറസ് ചൈനയിൽ വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (HMPV) ചൈനയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വൈറസ് അതിവേഗം പടരുന്നതായി സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റ് മാദ്ധ്യമറിപ്പോർട്ടുകളും സൂചിപ്പിക്കുന്നു, ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞതായും ചില റിപ്പോർട്ടുകളുണ്ട്. ഇൻഫ്ലുവൻസ A, HMPV, Mycoplasma pneumoniae, കൊറോണ വൈറസ് എന്നിവയുൾപ്പെടെ ഒന്നിലധികം വൈറസുകൾ ചൈനയിൽ നിലവിൽ പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.
ആശുപത്രികൾ തിങ്ങിനിറഞ്ഞതായും ചൈനയിൽ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വാർത്തകളുണ്ട്. അതേസമയം ഇക്കാര്യങ്ങൾ ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.
ഇൻഫ്ലുവൻസയുടെയും കൊവിഡ് മഹാമാരിയുടെയും ലക്ഷണങ്ങളാണ് HMPV പ്രകടിപ്പിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
എന്താണ് ഹ്യൂമൻ മെറ്റന്യൂമോവൈറസ്?
HMPV സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വൈറസാണ്. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് അപകടസാധ്യത കൂടുതൽ. കൊറോണ വൈറസ് പോലെ തന്നെ രോഗി ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന ഉമിനീർ തുള്ളികളിലൂടെയാണ് HMPV പകരുന്നത്.