ധാക്ക:‘ബംഗബന്ധു’ ഷെയ്ഖ് മുജീബുർ റഹ്മാനെ മാറ്റി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവും മുൻ പ്രസിഡൻ്റുമായ സിയാവുർ റഹ്മാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി എന്ന രീതിയിൽ രാജ്യത്തിന്റെ ചരിത്ര പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തീരുമാനിച്ചു.
1971-ൽ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാനല്ലെന്നും അന്ന് പട്ടാളത്തിൽ വെറും മേജറായിരുന്ന സിയാവുർ റഹ്‌മാനാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നുമാണ് പുതിയ കഥ. കൂടാതെ മുജീബുർ റഹ്‌മാന് ഇക്കാലമത്രയും നൽകിവന്ന ‘രാഷ്‌ട്രപിതാവ്’ എന്ന സ്ഥാനവും പാഠപുസ്തകങ്ങളിൽനിന്നു നീക്കി. 2025-ലെ അക്കാദമികവർഷത്തെ പ്രൈമറി, സെക്കൻഡറി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളാണ് ഇത്തരത്തിൽ ഇടക്കാലസർക്കാർ തിരുത്തിയത്.
1971 മാർച്ച് 27-ന് ലോകത്തെ മിക്ക പത്രങ്ങളും 26 ന് നടന്ന മുജീബിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
പാകിസ്താൻ പട്ടാളം അറസ്റ്റുചെയ്ത ഷെയ്ഖ് മുജീബുർ റഹ്‌മാൻ കമ്പിയില്ലാക്കമ്പിവഴി സ്വാതന്ത്ര്യപ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്നു കണ്ടെത്തിയതിനാലാണ് നീക്കിയതെന്നാണ് പാഠപുസ്തകപരിഷ്കർത്താക്കൾപറയുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റ് അഞ്ചിന് നാടുവിട്ട ശേഷംവന്ന ഇടക്കാലസർക്കാർ മുജീബുർ റഹ്‌മാന്റെ ചിത്രം നോട്ടുകളിൽനിന്ന് നീക്കാൻ തീരുമാനിച്ചു. മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ട ദിനമായ ഓഗസ്റ്റ് 15 പൊതു അവധിദിനമാക്കിയിരുന്നതും റദ്ദാക്കി.
1977 മുതൽ 1981 ൽ കൊല്ലപ്പെടുന്നത് വരെ ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഒരു ബംഗ്ലാദേശി സൈനിക ഉദ്യോഗസ്ഥനായിരുന്നു സിയാവുർ റഹ്മാൻ .