കോട്ടയം: “നായാടി തൊട്ട് നമ്പൂതിരി വരെ” എന്നുള്ള കാഴ്ചപ്പാട് മാറി, “നായാടി തൊട്ട് നസ്രാണി” വരെ എന്ന് ചിന്തിക്കാനുള്ള അവസ്ഥയിലേക്ക് കേരള രാഷ്‌ട്രീയം കൊണ്ടെത്തിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ. മൈസൂരുവിൽ നടന്ന നേതൃക്യാമ്പിലായിരുന്നു പുതിയ രാഷ്‌ട്രീയ മുദ്രാവാക്യം ആഹ്വാനം ചെയ്തതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പുതിയ സാമൂഹിക കൂട്ടായ്മയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മ വേണമെന്നാണ് ഡിസംബറിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്. നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം. കേരളത്തെ സംബന്ധിച്ചിടത്തോളം സാമാന്യം നല്ല ശതമാനം നസ്രാണികളുണ്ട്. അവർക്ക് ഒരുപാട് അവശതകളും പ്രയാസങ്ങളും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു. അവരുടെ കാര്യങ്ങൾ പരിഗണിക്കാനോ പരിരക്ഷിക്കാനോ ആളില്ലാത്ത അവസ്ഥ വന്നപ്പോൾ തുല്യദുഃഖിതരായ അവരെയും കൂട്ടിച്ചേർത്ത് കൊണ്ടുപോകേണ്ടത് ഈ രാജ്യത്തിന്റെ ഭദ്രതയ്‌ക്ക് അനിവാര്യമാണ്. ഈ ചിന്തകളാണ് നായാടി തൊട്ട് നസ്രാണി വരെ എന്നാക്കിയത്. – എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
2015-ലായിരുന്നു നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉയർത്തി ഐക്യകൂട്ടായ്മയ്‌ക്ക് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തത്. ഇതാണ് കഴിഞ്ഞ വർഷം അവസാനം നടന്ന നേതൃക്യാമ്പിൽ നസ്രാണി വരെ എന്ന് നീട്ടിയത്. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.