കോട്ടയം: ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ ഉപ്പായി മാപ്ലയുടെ സൃഷ്ടാവ് ജോർജ് കുമ്പനാട് ( എ.വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായിരുന്നു.
1980കളിലാണ് ഉപ്പായി മാപ്ല മലയാളിക്ക് ഇടയിൽ എത്തിയത്. വിവിധ രൂപത്തിൽ ഉപ്പായി മാപ്ലയെ പലരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തിന്‍റെ യഥാർത്ഥ സൃഷ്ടാവിനെ അധികമാരും അറിഞ്ഞില്ല. തലയിൽ നാല് മുടി നീട്ടി വളർത്തിയ നർമ്മം ചാലിച്ച് വായനക്കാരന്‍റെ മനസിൽ കടന്നുകൂടിയ മാപ്ല ഒരു തലമുറയെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. അൽപ്പം മണ്ടത്തരത്തിന്റെ അകമ്പടിയോടെയാണ് മാപ്ല കൂടുതലായും പ്രത്യക്ഷപ്പെട്ടത്.
കേരള ധ്വനിയിലാണ് ജോർജ് ഉപ്പായി മാപ്ലയെ വരച്ച് തുടങ്ങിയത്. പിന്നാലെ മറ്റ് കാർട്ടൂണിസ്റ്റുകൾ ഈ കാർട്ടൂൺ കഥാപാത്രത്തെ അവരുടെ രചനകളില്‍ കടം കൊണ്ടു. ഇതോടെയാണ് ഉപ്പായി മാപ്ല കൂടുതൽ പ്രശസ്തനായത്. പിന്നീട് ടോംസിന്റെ ബോബനും മോളിയിലെ സ്ഥിരം കഥാപാത്രമായി ഉപ്പായി മാപ്ല മാറി. പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാർട്ടൂൺ പംക്തികളിലും ഈ കഥാപാത്രത്തെ ഉപയോഗിച്ചിരുന്നു.