അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികം 2025 ജനുവരി 11-ന് നടത്തും.
2024 ജനുവരി 22 ന് അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ നിർമ്മിച്ച മഹാക്ഷേത്രത്തിൽ ബാലരാമ വിഗ്രഹം പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ശേഷം ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്
ഹൈന്ദവ ആചാരപ്രകാരം ദ്വാദശി തിഥിയിലാണ് വാർഷിക ഉത്സവം നടക്കുക. രാമക്ഷേത്ര സമുച്ചയത്തിൽ ദശാവതാര മൂർത്തികൾ, നിഷാദരാജൻ, ശബരി, തുടങ്ങി 18 പുതിയ ക്ഷേത്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 11 മുതൽ മൂന്ന് ദിവസം പ്രത്യേക പൂജകൾ നടക്കും. ജനുവരി 11-ന് ഉച്ചയ്‌ക്ക് ശ്രീബാലരാമന് പ്രത്യേക അഭിഷേകം, തുടർന്ന് ദീപാരാധനയും ജനുവരി 13 വരെ വിശേഷാൽ പൂജകളും നടക്കും. ക്ഷേത്രത്തിനകത്തും പുറത്തും നടക്കുന്ന ഈ പൂജകളിൽ മഠാധിപതികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിശദമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.