സോൾ : ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അദ്ദേഹത്തിന്റെ അനുയായികളുടെയും പ്രസിഡൻഷ്യൽ സെക്യൂരിറ്റി സ്റ്റാഫിന്റെയും കടുത്ത പ്രതിരോധത്തെ തുടർന്ന് പരാജയപ്പെട്ടു.
സൈനിക നിയമം ചുമത്തിയതിന്റെ പേരിൽ നടപടി നേരിടുന്ന യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാൻ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പ്രസിഡൻ്റിന്റെ വസതിയിൽ എത്തിയെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നൂറുകണക്കിന് അനുയായികൾ പുറത്ത് തടിച്ചുകൂടിയതിനാൽ അവർക്ക് കൊട്ടാരത്തിന്റെ അടുത്തേക്ക് എത്താനായില്ല.
ടീം അംഗങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം യൂണിന്റെ ഔദ്യോഗിക വസതിയിൽ പ്രവേശിക്കുന്നതിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരെ പിൻവലിച്ചതായി രാജ്യത്തെ അഴിമതി വിരുദ്ധ ഏജൻസി അറിയിച്ചു. “നിയമപ്രകാരമുള്ള ഒരു പ്രക്രിയയോട് പ്രതികരിക്കാത്ത, യോളിന്റെ മനോഭാവത്തിൽ ഗുരുതരമായ ഖേദം പ്രകടിപ്പിക്കുന്നു” എന്ന് അവർ പ്രസ്‍താവനയിൽ പറഞ്ഞു
ഒരു മാസത്തിനുള്ളിൽ രണ്ട് രാഷ്‌ട്രത്തലവന്മാരെ ഇംപീച്ച് ചെയ്യുകയും ചെയ്ത രാഷ്‌ട്രീയ പ്രതിസന്ധിയിലെ ഏറ്റവും പുതിയ ഏറ്റുമുട്ടലാണിത്. പ്രതിപക്ഷ ആധിപത്യമുള്ള പാർലമെൻ്റ് തന്റെ നയങ്ങൾ തടഞ്ഞതിൽ നിരാശനായ യൂൺ,ഡിസംബർ 3-ന് സൈനിക നിയമം പ്രഖ്യാപിക്കുകയും ദേശീയ അസംബ്ലി വളയാൻ സൈന്യത്തെ അയക്കുകയും ചെയ്തതോടെയാണ് ഈ പ്രതിസന്ധി ആരംഭിച്ചത്.