ധാക്ക : കവി കാസി നസ്‌റുൽ ഇസ്‌ലാമിനെ ബംഗ്ലാദേശിന്റെ ദേശീയ കവിയായി ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു.
ഇന്ത്യയിൽ ജനിച്ച അദ്ദേഹം 1972 മെയ് 24 ന് ബംഗ്ലാദേശിൽ എത്തിയ തീയതി മുതൽ അദ്ദേഹത്തെ “ബംഗ്ലാദേശിന്റെ ദേശീയ കവി” എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.
നേരത്തെ ഡിസംബർ അഞ്ചിന് ചേർന്ന ഉപദേശക സമിതി യോഗത്തിൽ കാസി നസ്‌റുൽ ഇസ്‌ലാമിനെ ‘ദേശീയ കവി’യായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നു.
ബംഗ്ലാദേശ് സർക്കാർ മുൻകൈയെടുത്ത് 1972 മെയ് 24-ന് കൊൽക്കത്തയിൽ നിന്ന് കുടുംബസമേതം അദ്ദേഹം ധാക്കയിൽ എത്തി. ഇദ്ദേഹത്തിന്റെ താമസത്തിനായി ധന്മോണ്ടിയിലെ 28 (പഴയ) റോഡിലുള്ള 330-ബി എന്ന വീട് സർക്കാർ അനുവദിച്ചു. 1976 ഫെബ്രുവരി 18 ന് ബംഗ്ലാദേശ് സർക്കാർ കവിക്ക് ബംഗ്ലാദേശി പൗരത്വം നൽകുകയും അതേ വർഷം തന്നെ അഭിമാനകരമായ എകുഷേ പദക് പുരസ്കാരം നൽകുകയും ചെയ്തു. കവി നസ്രുൽ 1976 ഓഗസ്റ്റ് 29-ന് അന്തരിച്ചു.