ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമാകുന്നു. ഡൽഹിയിൽ വായുമലിനീകരണത്തിനൊപ്പം മൂടൽമഞ്ഞും രൂക്ഷമായതിനാൽ ഗതാഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനം കൂടാതെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പുകമഞ്ഞുള്ളതിനാൽ ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നത്.
ഡൽഹി വിമാനത്താവളത്തിലെ സർവീസുകളെയും കനത്ത മൂടൽമഞ്ഞ് ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വിമാന സർവീസുകൾ പലതും താത്കാലികമായി നിർത്തിവച്ചതായി ഇൻഡിഗോ അറിയിച്ചു. ദൃശ്യപരത കുറഞ്ഞതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. എയർ ഇന്ത്യയുടെ സർവീസുകളും താമസിച്ചാണ് എത്തിയത്. ഉത്തരേന്ത്യയിലെ മുഴുവൻ വിമാനസർവീസുകളെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം 400ലധികം സർവീസുകളാണ് വൈകിയതെന്നാണ് കണക്ക്.
കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിൽ ട്രെയിൻ ഗതാഗതവും സ്തംഭിച്ചിരുന്നു. 24 ട്രെയിനുകൾ താമസിച്ചും 13 സർവീസുകൾ പുനഃക്രമീകരിച്ചുമാണ് സർവീസ് നടത്തിയത്. വെള്ളിയാഴ്ച ദിവസം ഡൽഹി നഗരത്തിലെ കൂടിയ താപനില 21.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.