മുംബൈ: പ്രമുഖ ആണവ ശാസ്ത്രജ്ഞനും ക്രിസ്റ്റല്ലോഗ്രാഫറുമായ ഡോ. ആർ ചിന്ദംബരം അന്തരിച്ചു. പൊഖ്റാൻ – 1, പൊഖ്റാൻ – 2 ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. 89-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ശാസ്ത്രജ്ഞനെന്ന നിലയിൽ രാജ്യത്തിന് വേണ്ടി സുപ്രധാന സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു ഡോ. രാജഗോപാല ചിന്ദംബരം. ബാബാ അറ്റോമിക് റിസർച്ച് സെൻ്റർ (BARC) ഡയറക്ടർ, ആണവോർജ്ജ കമ്മീഷൻ (AEC) ചെയർമാൻ, അറ്റോമിക് എനർജി ഡിപ്പാർട്ട്‌മെൻ്റ് (DAE) സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1994-95 കാലഘട്ടത്തിൽ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (IAEA) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ചെയർമാനായിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ചു. ഇന്ത്യയുടെ ആണവായുധ പരീക്ഷണത്തിൽ നിർണായക പങ്കാണ് ഡോ. ചിദംബരം വഹിച്ചത്. പൊഖ്‌റാൻ-I (1975), പൊഖ്‌റാൻ-II (1998) എന്നീ ആണവ പരീക്ഷണങ്ങളുടെ തയ്യാറെടുപ്പുകൾ ഏകോപിപ്പിച്ചത് ചിദംബരമായിരുന്നു. രാജ്യം പദ്മശ്രീ (1975), പദ്മവിഭൂഷൺ (1999) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.