പാലക്കാട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനകത്ത് പാമ്പ്. രാവിലെ ടോക്കൺ എടുക്കാനെത്തിയ രോഗികളാണ് പാമ്പിനെ കണ്ടത്. 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും പാമ്പിനെ പിടികൂടി കൊന്നു.
രാവിലെ 8.30 ഓടെയാണ് സംഭവം. ആശുപത്രിയിലെത്തിയ രോഗികളുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് ഈ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. എന്നാൽ ഈ സമയം ശുചീകരണ തൊഴിലാളികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
2 മണിക്കൂർ നേരം പാമ്പ് ആശുപത്രിയിലെത്തിയ രോഗികളെയും ഒപ്പമുണ്ടായിരുന്നവരെയും മുൾമുനയിൽ നിർത്തി. ടോക്കൺ നൽകുന്ന പരിസരത്തായിരുന്നു പാമ്പിനെ കണ്ടത്.10 മണിയോടെ നാട്ടുകാരും ജീവനക്കാരും ചേർന്ന് പാമ്പിനെ കൊന്നു. കഴിഞ്ഞ ദിവസങ്ങളിലടക്കം ആശുപത്രിയും പരിസരവും വൃത്തിയാക്കിയിരുന്നതായും പാമ്പ് എവിടെ നിന്നുവന്നുവെന്നറിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.