ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നൃത്തസംവിധായകയുമായ ഭാര്യ ധനശ്രീ വർമ്മയും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നിനിടെ ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്‌തതും ആരാധകർക്കിടയിൽ സംശയങ്ങൾ വർദ്ധിപ്പിച്ചു.
സമൂഹ മാദ്ധ്യമത്തിലെ ധനശ്രീയുമൊത്തുള്ള ചിത്രങ്ങളും ചഹൽ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ധനശ്രീയാകട്ടെ താരത്തെ അൺഫോളോ ചെയ്യുക മാത്രമാണുണ്ടയത്. ചഹലുമൊത്തുള്ള ചിത്രങ്ങൾ ഇപ്പോഴും അക്കൗണ്ടിലുണ്ട്. ദമ്പതികളുടെ അടുത്ത സുഹൃത്തുക്കൾ ഇവരുടെ വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. വൈകാതെ ഇരുവരും വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സൂചനയുണ്ട്.
2023 ൽ ധനശ്രീ തന്റെ പേരിനൊപ്പമുള്ള ചഹൽ എന്ന സർ നെയിം ഇൻസ്റ്റഗ്രാമിൽ നിന്നും ഒഴിവാക്കിയിരുന്നു. “New life loading ” എന്ന ചഹലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയായിരുന്നു ഈ മാറ്റം. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‍നങ്ങൾ പ്രകടമായി തുടങ്ങിയത്. എന്നാൽ പിന്നീട് വിവാഹമോചന വാർത്തകൾ തള്ളിക്കൊണ്ട് ചഹൽ തന്നെ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ഇരുവരെയും കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 2020 ഡിസംബർ 11നാണ് ധനശ്രീയും യുസ്‌വേന്ദ്ര ചാഹലും വിവാഹിതരാകുന്നത്.