പോപ് താരം മഡോണ വീണ്ടും വിവാഹിതയാകുന്നു..? വജ്രമോതിരം അണിഞ്ഞ് പങ്കുവച്ച പുതിയ ചിത്രമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. 66-കാരിയായ മഡോണയുടെ വരൻ 28-കാരനായ അകീം മോറിസാണ്. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞോ ഇല്ലയോ എന്ന കാര്യം ഇരുവരും വ്യക്തമാക്കിയിട്ടില്ല. വിവാഹിതയായാൽ പോപ് താരത്തിന്റെ മൂന്നാം മാംഗല്യമാകുമിത്. എല്ലാ കാലത്തും പ്രണയത്തോട് അകൽച്ച പാലിക്കാത്ത മഡോണയ്‌ക്ക് മൈക്കൾ ജാക്സൺ ഉൾപ്പടെ നിരവധി പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്.
എന്നാൽ ഇവയിൽ ഭൂരിപക്ഷത്തിനും അല്പായുസാകും ഫലം. രണ്ടുതവണ വിവാഹിതയായ താരത്തിന് ആറു മക്കളുമുണ്ട്. അതേസമയം പുതിയ ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. പുതിയ കാമുകന് മകളുടെ പ്രായം പോലുമില്ലെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. ഇവരെ പിന്തുണയ്‌ക്കുന്നവരും ചുരുക്കമല്ല. മഡോണയുടെ 66-ാം ജന്മദിന ആഘോഷങ്ങളിൽ നിറസാന്നിദ്ധ്യമായതോടെയാണ് അകീം പ്രണയവാർത്തകളിലും നിറഞ്ഞത്. ഗയ് റിച്ചി, സീൻ പെൻ എന്നിവരാണ് മഡോണയുടെ മുൻ ഭർത്താക്കന്മാർ. കാർലോസ് ലിയോൺ മുൻ പങ്കാളിയുമായിരുന്നു.