തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. മാർഗംകളി കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുന്നതിനിടെ മത്സരാർത്ഥി കുഴഞ്ഞുവീണു. പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി സായ് വന്ദനയാണ് കുഴഞ്ഞുവീണത്. കുട്ടിയെ സംഘാടകരും വൊളന്റിയർമാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിലെ തന്നെ മറ്റൊരു വിദ്യാർത്ഥിനിയായ ആരാധനയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഈ കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം മറ്റ് മത്സരവേദികളിൽ കുഴഞ്ഞുവീണ വിദ്യാർത്ഥികളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർത്ഥിനികളാണ് ബാൻഡ് മത്സരത്തിനിടെ കുഴഞ്ഞുവീണത്. അധീന, ശ്രീലക്ഷ്മി, അനന്യ, അനാമിക എന്നീ മത്സരാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഇവർ. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.















