നിലമ്പൂർ: അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പഴയ വിവാദ പ്രയോഗം ആവർത്തിച്ച് പി.വി അൻവർ. എംഎൽഎ ആയതുകൊണ്ട് വഴങ്ങുന്നു. അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലായിരുന്നുവെന്ന് ആയിരുന്നു അൻവറിന്റെ പ്രതികരണം. അറസ്റ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സമയത്ത് സ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകരോടായിരുന്നു അൻവറിന്റെ വാക്കുകൾ.
മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഇതേ പ്രയോഗത്തിൽ പി.വി അൻവർ പിന്നീട് പിണറായിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞിരുന്നു. പി.വി അൻവറും മുഖ്യമന്ത്രിയും ഇടഞ്ഞതിന് പിന്നാലെ നിയമസഭാ മന്ദിരത്തിന് മുൻപിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അന്ന് അൻവറിന്റെ വാക്കുകൾ. പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് മുഖ്യമന്ത്രിയോടും കുടുംബത്തോടും ഫേസ്ബുക്ക് വീഡിയോയിലൂടെ അൻവർ മാപ്പ് ചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ പൊലീസ് അറസ്റ്റ് ഉറപ്പിച്ച ശേഷമാണ് അൻവർ അന്നത്തെ പ്രയോഗം ആവർത്തിച്ചത്. നിയമത്തിന് കീഴടങ്ങുകയാണ്. നിയമം അനുസരിക്കുന്ന ആളുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. അതാണ് അറസ്റ്റിന് വഴങ്ങിയത്. പൊലീസുകാരെ പറഞ്ഞിട്ട് കാര്യമില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്റെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് അവർ ചെയ്തതെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.
ഒരു പക്ഷെ ജയിലിലിട്ട് തന്നെ കൊല്ലുമായിരിക്കും, എല്ലാം കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വരുന്നുണ്ടല്ലോ, അപ്പോൾ നോക്കാം. പലരെയും കൊന്നിട്ടുണ്ട്. പലർക്കും വിഷം കൊടുത്തിട്ടുണ്ട്. ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ കാണിച്ചുകൊടുക്കാമെന്നും അൻവർ പറഞ്ഞു.
വന നിയമത്തിൽ പുതിയ നിയമഭേദഗതി വരികയാണ്. ഇന്ന് ഫോറസ്റ്റിനുള്ള അധികാരത്തിന്റെ പത്തിരട്ടി അമിത അധികാരം കൊടുക്കുകയാണ്. ജനങ്ങൾക്കൊന്ന് പ്രതിഷേധിക്കാൻ പോലും പറ്റാത്ത സ്ഥിതി. ഒരു ഫോറസ്റ്റുകാരന്റെ മുഖത്തേക്ക് തുറിച്ചുനോക്കിയാൽ പോലും അവനെ അറസ്റ്റ് ചെയ്യാനുള്ള നിയമഭേദഗതി നിയമസഭയിൽ കൊണ്ടുവരുമ്പോൾ മലയോരമേഖലയിലെ ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് ഒരു ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞാണ് പി.വി. അൻവർ സംസാരിച്ചു തുടങ്ങിയത്.















