ജോർജിയ: 12 വയസുകാരന്റെ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് സുഹൃത്തുക്കൾ. പ്രാങ്കിന്റെ പേരിലായിരുന്നു സുഹൃത്തുക്കളുടെ പ്രവൃത്തി. ജോർജിയയിലെ ടിഫ്റ്റണിലാണ് സംഭവം. ഉറങ്ങിക്കിടന്ന 12 വയസുകാരന് നേരെയാണ് സുഹൃത്തുക്കൾ തിളച്ച വെള്ളം ഒഴിച്ചത്.
അയൽവാസിയുടെ വീട്ടിൽ വീഡിയോ ഗെയിം കളിക്കുകയായിരുന്നു കുട്ടികൾ. ഇവർക്കടുത്തായി 12 വയസുകാരൻ ഉറങ്ങുകയായിരുന്നു. ഇതിനിടെ പ്രാങ്കെന്ന തരത്തിൽ കൂട്ടത്തിൽ ഒരാൾ കുട്ടിയുടെ മുഖത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 കുട്ടികളെ പൊലീസ് പിടികൂടുകയും പിന്നീട് കുടുംബത്തോടൊപ്പം വിട്ടയക്കുകയും ചെയ്തു. അടുത്ത മാസം കോടതി വിധി കേൾക്കാൻ കാത്തിരിക്കുകയാണെന്ന് 12 വയസുകാരന്റെ അമ്മ ടിഫാനി വെസ്റ്റ് പറഞ്ഞു.
12 വയസുകാരന്റെ നിലവിളി കേട്ടാണ് ബന്ധുക്കൾ ഓടിയെത്തിയത്. ഇതിനിടെ മുഖം പൊള്ളി വികൃതമായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയതായും സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ പറഞ്ഞു.















