നിലമ്പൂർ; ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ പി.വി അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. അറസ്റ്റിന് പിന്നാലെ രാത്രിയോടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സറ ഫാത്തിമയുടെ വസതിയിൽ ഹാജരാക്കിയ അൻവറിനെ റിമാൻഡ് ചെയ്യുകയായിരുന്നു. തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റുക.
14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ നൽകാത്തതിനാലാണ് റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. പൊതുമുതൽ നശിപ്പിച്ച വകുപ്പുകൾ ഉൾപ്പെടെയാണ് പിവി അൻവറിനെതിരെ ചേർത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണിത്.
വൈകിട്ട് 4.45 ഓടെയാണ് പൊലീസ് ജിഡി എന്റർ ചെയ്തത്. വൈകിട്ട് ആറരയോടെ കേസ് രജിസ്റ്റർ ചെയ്തു. എട്ടരയോടെ പൊലീസ് സന്നാഹം അൻവറിന്റെ വസതിയിലെത്തി. രാത്രി 9.30 ഓടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. പിന്നീടാണ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിവളപ്പിൽ തന്നെയായിരുന്നു മജിസ്‌ട്രേറ്റിന്റെ വസതി. അൻവറിനൊപ്പം അറസ്റ്റിലായവരെയും ജയിലിലേക്ക് മാറ്റും.
കുരുളായിയിൽ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ചാണ് ഡിഎഫ്ഒ ഓഫീസ് അൻവറിന്റെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ അടിച്ചു തകർത്തത്. അൻവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അൻവറിന്റെ വീടിന്റെ ഗേറ്റിന് മുൻപിലും മറ്റുമായി വൻ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നു. തുടർന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.