മഴ ആയാലും വെയിലായാലും കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങൾ ഉറപ്പാണ്. ഓരോരുത്തരും ഏറെ കരുതലോടെയാണ് കാലാവസ്ഥ വകുപ്പിന്റെ ഓരോ പ്രവചനങ്ങളും മുന്നറിയിപ്പുകളും കാണുകയും കേൾക്കുകയും ചെയ്യുന്നത്. കുട്ടികളാണെങ്കിൽ അവധിയുണ്ടോയെന്ന ആകംക്ഷയിലുമായിരിക്കും. അങ്ങനെ രാജ്യത്തെ ഓരോരുത്തർക്കും മുന്നറിയിപ്പുകൾ നൽകി സംരക്ഷിച്ച് പോരുന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന് 150-ാം പിറന്നാൾ.
1875 ജനുവരി 15-നാണ് കാലാവസ്ഥ വകുപ്പ് സ്ഥാപിതമായത്. ഇതിന്റെ ഓർമയ്‌ക്കായി പ്രത്യേക നാണയം പുറത്തിറക്കാൻ ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 150 രൂപ മൂല്യമുള്ള നാണയമാകും പുറത്തിറങ്ങുക. 99.9 ശതമാനം വെള്ളിയിലാണ് നാണയം നിർമിക്കുക. 40 ഗ്രാം ഭാരമുള്ള, വൃത്താകൃതിയിലാകും നാണയം.
നാണയത്തിന്റെ ഒരു വശത്ത് മധ്യഭാഗത്ത് അശോക സ്തംഭത്തിന് താഴെ ഹിന്ദിയിൽ ‘സത്യമേവ ജയതേ’ എന്ന ആലേഖനം ചെയ്യും. നാണയത്തിന്റെ ചുറ്റളവിൽ ഇടതുവശത്ത് ‘ഭാരതം’ എന്നും വലതുവശത്ത് ‘ഇന്ത്യ’ എന്നും ആലേഖനം ചെയ്യും. നാണയത്തിന്റെ മറുവശത്ത് 150-ാം വാർഷിക ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ലോഗോ ആലേഖനം ചെയ്യും. മുകളിൽ ചുറ്റിലും ‘भारत मौसम विज्ञान विभाग के 150 वर्ष’ എന്നും ‘आदित्य जाताये वृष्टि:’ എന്നും രേഖപ്പെടുത്തും. താഴെ ഭാഗത്ത് ‘കാലാവസ്ഥ വകുപ്പിന്റെ 150 വർഷങ്ങൾ’ എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തും. ലോഗോയ്ക്ക് താഴെയായി ‘1875- 2025’ എന്നും രേഖപ്പെടുത്തും.
ബ്രീട്ടീഷുകാരുടെ കാലത്താണ് ഐഎംഡി നിലവിൽ വരുന്നത്. ഇന്ത്യൻ തീരത്ത് 1864 -ൽ വമ്പൻ ചുഴലിക്കാറ്റ് നാശം വിതച്ചു. 1866 വരെ ദാരിദ്രം അനുഭവിക്കാൻ ഈ ചുഴലിക്കാറ്റ് കാരണമായി. ഇതിന് പിന്നാലെയാണ് കാലാവസ്ഥ പ്രവചനങ്ങൾ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് കാലാവസ്ഥ വകുപ്പിന്റെ പിറവി.
കാലാവസ്ഥയെയും കാലാവസ്ഥ വ്യതിയാനങ്ങളെയും പഠിക്കുന്നതിനായി ഇംപീരിയൽ മെറ്റീരിയോളജിക്കൽ റിപ്പോർട്ടറെ നിയോഗിച്ചു. ഇംഗ്ലീഷുകാരനായ HF ബ്ലാൻഫോർഡ് ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും കാലാവസ്ഥ പ്രവചിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 150 വർഷങ്ങൾക്കിപ്പുറം വിവിധ തരത്തിലുള്ള, നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങളാണ് ഐഎംഡിക്കുള്ളത്.















