കഴിഞ്ഞൊരു പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ചത് വൻ ഡിജിറ്റൽ കുതിപ്പിനാണ്. തെരുവോര കച്ചവടക്കാരുടെ പക്കൽ വരെ യുപിഐ ലഭ്യമായി തുടങ്ങി. പണമിടപാട് ലളിതമാക്കുന്നതിൽ യുപിഐ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതിനിടയിൽ പാനി പൂരി വിൽപനക്കാരന് ജിഎസ്ടി നോട്ടീസ് ലഭിച്ച വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ പരക്കുന്നത്.
ഒരു വർഷത്തിനിടെ പാനി പൂരി വിറ്റ വകയിൽ കച്ചവടക്കാരന്റെ യുപിഐയിൽ എത്തിയത് 40 ലക്ഷത്തിലേറെ രൂപയാണ് എന്നതാണ് ശ്രദ്ധേയം. ഡിജിറ്റൽ പണമിടപാട് വർദ്ധിച്ചതോടെ രാജ്യത്തെ പാനി പൂരി കച്ചവടക്കാർക്ക് ഉൾപ്പടെ നിരവധി പേർക്കാണ് ജിഎസ്ടി നോട്ടീസ് ലഭിക്കുന്നത്. റേസർപേ, ഫോൺപേ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി യുപിഐ ഇടപാടുകൾ നടത്തുന്നവർക്കാണ് നികുതി അടയ്‌ക്കണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസ് ലഭിക്കുന്നത്. നോട്ടീസിന്റെ പകർപ്പ് ഉൾപ്പടെയാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.
Pani puri wala makes 40L per year and gets an income tax notice 🤑🤑 pic.twitter.com/yotdWohZG6
— Jagdish Chaturvedi (@DrJagdishChatur) January 2, 2025
40,11,019 രൂപയുടെ പേയ്മെൻ്റ് നടന്നുവെന്നാണ് നോട്ടീസിലുള്ളത്. സമ്മിശ്ര പ്രതികരണമാണ് എക്സിലെ പോസ്റ്റിന് ലഭിക്കുന്നത്. പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് ഒരാൾ കുറിച്ചത്. ടാക്സ് സ്ലാബിലുള്ള മെഡിക്കൽ കോളേജിലെ പ്രൊഫസർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാളെറേ പാനി പൂരി വിൽപനക്കാരൻ നേടുന്നുവെന്നും ജോലി മാറ്റേണ്ട സമയമായി എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
ചെറുകിട വ്യവസായങ്ങൾ മുൻനിരയിലേക്ക് എത്തുന്നതിന്റെയും ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് വ്യക്തം. ലോകാരാജ്യങ്ങൾ വരെ കൊതിക്കുന്ന ഇന്ത്യയുടെ സ്വന്തം പേയ്മെൻ്റ് സംവിധാനം സാധാരണക്കാരനിലേക്ക് വരെ എത്തിയതിൽ അഭിമാനിക്കാം.















