ന്യൂഡൽഹി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് അംഗീകാരം നൽകിയത് ഹൂതികൾ. യെമൻ പ്രസിഡന്റ് ഡോ. റാഷിദ് അൽ-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി ഔദ്യോഗികമായി അറിയിച്ചു. യെമൻ പ്രസിഡന്റ് അംഗീകാരം നൽകിയെന്ന റിപ്പോർട്ടായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നലെയാണ് എംബസിയുടെ വിശദീകരണം.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള ജയിലിലാണ് നിമിഷ പ്രിയയുള്ളത്. ഹൂതികളെ പിന്തുണയ്‌ക്കുന്ന ഗ്രോത വിഭാഗത്തിലെ അംഗമാണ് കൊല്ലപ്പെട്ട യെമൻ പൗരൻ. സംഭവം നടന്നതും ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. അതിനാൽ കേസും ഹുതികളാണ് നിയന്ത്രിക്കുന്നത്. യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന്റെ ചെയർമാനായ ഡോ. റാഷിദ് അൽ- അലിമി ഇതുവരെ വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.
യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയയ്‌ക്ക് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. വിഷയം സൂക്ഷമമായി നീരീക്ഷിച്ച് വരുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയിരുന്നു. പിന്നാലെ വിഷയത്തിൽ ഇടപെടാൻ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.















