ന്യൂഡൽഹി: അഫ്ഗാൻ പ്രദേശത്ത് പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ നിരപരാധികളായ 46 പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇന്ത്യ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയിലാണ് പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. ബാർമൽ ജില്ലയിലെ നാലിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് അഫ്ഗാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത് റാത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തിയത്.
നിരപരാധികളായ പൗരൻമാരുടെ നേർക്കുള്ള ഏത് ആക്രമണത്തെയും ഇന്ത്യ അസന്നിഗ്ധമായി അപലപിക്കുന്നതായി വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ പറഞ്ഞു. നേരത്തെ അവർ സ്വന്തം വീഴ്ചകൾ മറച്ചുവയ്‌ക്കാനായി അയൽക്കാരെ പഴിചാരുകയായിരുന്നു പതിവ്. മാദ്ധ്യമവാർത്തകൾ വഴിയാണ് ആക്രമണത്തെക്കുറിച്ച് മനസിലായതെന്നും വിലപ്പെട്ട നിരവധി ജീവനുകൾ നഷ്ടമായതായിട്ടാണ് റിപ്പോർട്ടെന്നും രൺദീർ ജയ്‌സ്വാൾ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാൻ വ്യക്തമാക്കുന്നത്. ഡിസംബർ 24 ന് രാത്രിയായിരുന്നു ആക്രമണം. പത്തോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അഫ്ഗാൻ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അഫ്ഗാനിൽ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.















