ഗുവാഹത്തി: അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. 18 ലധികം തൊഴിലാളികൾ കുടുങ്ങിയതായാണ് വിവരം. അസമിലെ വ്യവസായ നഗരമായ ഉമ്രാങ്‌സോയിലാണ് അപകടം.
300 അടി ആഴമുള്ള കൽക്കരി ഖനികളിലാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇതിൽ 100 അടിയിലധികം വെള്ളം കയറിതായാണ് വിവരം. പൊലീസും അഗ്നിശമന സേനയും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും, ദേശീയ ദുരന്ത നിവാരണ സേനയും പ്രദേശത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ സഹായം സംസ്ഥാനം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.

തുരങ്കങ്ങളിൽ ആഴത്തിലുള്ള കുഴികളെടുത്ത് കൽക്കരി ഖനനം ചെയ്യുന്ന പ്രവൃത്തിയാണിത്. എലികളെ പോലെ തുരന്ന് പോകുന്നതിനാൽ ഇതിനെ ‘റാറ്റ് ഹോൾ’ ഖനനം എന്നും വിളിക്കുന്നു.
2018 ൽ മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിൽ സമീപത്തെ നദിയിൽ നിന്ന് വെള്ളം കയറിയതിനെ തുടർന്ന് 15 തൊഴിലാളികൾ കുടുങ്ങിയിരുന്നു. പിന്നീട് രണ്ട് തൊഴിലാളികളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.















