അയ്യപ്പ ഭക്തിഗാനങ്ങൾ എക്കാലവും തീർത്ഥാടകരെ ഭക്തിയിലാഴ്‌ത്തുന്നതാണ്. ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നതും ഒരു അയ്യപ്പ ഗാനമാണ്. 10 വയസുകാരനായ മുംബൈ നിവാസി ആദിത്യ ജി നായർ ആലപിച്ച ഗാനമാണ് ഇപ്പോൾ വൈറലാവുന്നത്.
‘ കന്നി അയ്യപ്പൻ’ ആൽബത്തിലെ ‘ഗുരുവിന്റെ തൃപാദം തൊട്ടുവണങ്ങി’ എന്ന് തുടങ്ങുന്ന ഗാനമാണ് ആദിത്യ ജി നായർ ആലപിച്ചത്. മുംബൈ നിവാസിയായ ആദിത്യക്ക് മലയാളം വശമില്ലെങ്കിലും അയ്യനെ മനസിൽ ധ്യാനിച്ച് നിറഭക്തിയോടെ ഗാനം ആലപിക്കുകയായിരുന്നു. 41 ദിവസത്തെ വ്രതം അനുഷ്ഠിച്ച ശേഷം ശബരിമലയിൽ ക്ഷേത്ര ദർശനവും ആദിത്യ നടത്തിയിരുന്നു.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, ദീപു കൈതപ്രം സംഗീതം നൽകിയ ആൽബമാണ് കന്നി അയ്യപ്പൻ. ആദിത്യ നായർ പ്രൊഡക്ഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റീലീസ് ചെയ്തത്. 10 ദിവസത്തിനുള്ളിൽ നിരവധി ആളുകളാണ് ഗാനം ഏറ്റെടുത്തത്. ഒരു ലക്ഷം ലൈക്കുകളും 1,000 കമന്റുകളും നേടിയാണ് ഗാനം ഹിറ്റായത്.















