ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാനതീയതി ജനുവരി 17 നാണ്. ആകെ 70 മണ്ഡലങ്ങളാണുള്ളത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്.
തമിഴ്‌നാട് ഈറോഡ് ഈസ്റ്റിലെയും ഉത്തർപ്രദേശിലെ മിൽക്കിപ്പൂരിലെയും ഉപതെരഞ്ഞെടുപ്പുകളും ഫെബ്രുവരി അഞ്ചിന് നടക്കും.
ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ ഭരണത്തിലുള്ള 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്കായിരുന്നു വിജയം. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത്.
രാജ്യതലസ്ഥാനമായതുകൊണ്ടുതന്നെ ബിജെപിക്കും കോൺഗ്രസിനും എഎപിക്കും തെരഞ്ഞെടുപ്പ് നിർണായകമാണ്. തുടർച്ചയായ മൂന്നാമൂഴത്തിനാണ് എഎപിയുടെ ശ്രമം. എന്നാൽ മുൻ മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ ഉൾപ്പെടെ ഉയർന്ന അഴിമതി ആരോപണങ്ങളും മറ്റും പാർട്ടിക്ക് വലിയ തിരിച്ചടി നൽകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ഡൽഹിയിൽ നിലമെച്ചപ്പെടുത്തി മറികടക്കാൻ കോൺഗ്രസും ശ്രമിക്കുന്നു. 1,55,24,858 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.
നിലവിൽ ബിജെപി 29 സീറ്റുകളിലേക്കും ആം ആദ്മി 48 സീറ്റുകളിലേക്കുമുള്ള സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.















