കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല അധിക്ഷേപങ്ങൾ തുടർച്ചയായി നടത്തിയെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടി ചൂണ്ടിക്കാട്ടി.
ബോബി ചെമ്മണ്ണൂരിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കുറിപ്പ് നടി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ” താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മനോനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെയുണ്ടാവും. താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും”- നടി ഫേസ്ബുക്കിൽ പറഞ്ഞു.
നിരന്തരമായി ഉയരുന്ന അതിരുവിട്ട പരാമർശങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമാണ് നടി രംഗത്തുവന്നത്. ഒരു വ്യക്തി തന്നെക്കുറിച്ച് തുടർച്ചയായി ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നുവെന്നും ഇനിയും തുടർന്നാൽ നിയമപരമായി പോരാടുമെന്നും ഹണി റോസ് പറഞ്ഞിരുന്നു. ഈ വ്യക്തി പല ചടങ്ങുകൾക്കും പിന്നീട് ക്ഷണിച്ചിട്ട് പോകാൻ വിസമ്മതം പ്രകടിപ്പിച്ചുവെന്നും ഇതിന്റെ പ്രതികാരമായി താൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ മനപ്പൂർവ്വം വരാൻ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്ന് ആയിരുന്നു നടിയുടെ പോസ്റ്റ്. പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയെയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോയെന്നും ഹണി റോസ് ചോദിച്ചിരുന്നു.