ടിബറ്റിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂചലനം നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മൂവായിരത്തോളം രക്ഷാപ്രവർത്തകരെ ഇവിടെ വിന്യസിച്ചുകഴിഞ്ഞു.
റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഷിഗാസ്‌തെ റീജിയണലിലാണ് ഭൂചലനം തീവ്രതയോടെ അനുഭവപ്പെട്ടത്. എവറസ്റ്റ് കൊടുമുടിയുടെ വടക്ക് മാറി 80 കിലോമീറ്ററോളം അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലും ഭൂട്ടാനിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
നിരവധി വീടുകൾ ഭൂചലനത്തിന്റെ ആഘാതത്തിൽ തകർന്നു. തെരുവുകൾ മുഴുവൻ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും നിറഞ്ഞ നിലയിലാണ്. ആയിരത്തിലധികം വീടുകളും കെട്ടിടങ്ങളും തകർന്നതായിട്ടാണ് ചൈനയുടെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി വളർത്തുമൃഗങ്ങളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ദുരന്തത്തിൽ ദലൈലാമ ദു:ഖം രേഖപ്പെടുത്തി. മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.















