തിരുവനന്തപുരം: റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേ റോഡിലേക്ക് വീണ സ്‌കൂട്ടർ യാത്രികയ്‌ക്ക് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആണ് സംഭവം. ഇലവൻകുഴി സ്വദേശിയായ അശ്വതിയാണ് (26) മരിച്ചത്.
നെയ്യാറ്റിൻകര മാമ്പഴക്കര പഴിഞ്ഞിക്കുഴിയിൽ വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. റോഡ് പണിയുടെ ഭാഗമായി റോഡിൽ മണ്ണ് ഇളക്കിയിട്ടുണ്ടായിരുന്നു. സ്‌കൂട്ടറിൽ പോകുകയായിരുന്ന അശ്വതി എതിരെ കെഎസ്ആർടിസി ബസ് വന്നപ്പോൾ ഒരു വശത്തേക്ക് ഒതുങ്ങി നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇളകിക്കിടന്ന മണ്ണിൽ കാല് ചവിട്ടുകയും ബാലൻസ് തെറ്റി കെഎസ്ആർടിസി ബസിന് മുൻപിലേക്ക് വീഴുകയുമായിരുന്നു.