എറണാകുളം : സിനിമാ താരം ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്‌ക്ക് അന്വേഷണ ചുമതല . സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്
നടിയുടെ പരാതിയില്‍ മുപ്പത് പേര്‍ക്കെതിരെയാണ് ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിപൊലീസ് കേസെടുത്തത്. നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന പോസ്റ്റിനു കീഴെ ആയിരുന്നു സൈബര്‍ ആക്രമണം. സമൂഹമാധ്യമത്തിലെ പോസ്റ്റിന് കീഴെ അശ്ലീല കമന്‍റുകള്‍ നിറഞ്ഞതോടെ നടി പൊലീസില്‍ പരാതി നല്‍കി. അശ്ലീല കമന്‍റിട്ട മുപ്പത് പേര്‍ക്കെതിരെയാണ് നടി കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകളും പ്രൊഫൈല്‍ വിവരങ്ങളും സഹിതമാണ് നടി പരാതി നല്‍കിയത്.
നടിക്കെതിരായ സൈബര്‍ ആക്രമണക്കേസില്‍ ഒരാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല കമന്‍റിട്ടതായി പ്രതി ചേർക്കപ്പെട്ട കുമ്പളം സ്വദേശി ഷാജിയെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.